ഗൂഗിള്‍ ഫോണ്‍!
കഷ്ണങ്ങളാക്കാം
എല്‍.സി.ഡി. ഡിസ്‌പ്ലേയും കീപാഡുമുള്ള ഒരു ലോഹത്തകിട്. മറുവശത്ത് ഒട്ടിപ്പിടിച്ചിരിക്കുന്ന പല വലിപ്പത്തിലുള്ള എട്ട് ചതുരക്കട്ടകള്‍. ബാറ്ററിയും പ്രോസസറും ക്യാമറയുമടക്കം സ്മാര്‍ട്‌ഫോണിന് വേണ്ട ഹാര്‍ഡ്‌വേര്‍ സംവിധാനങ്ങളെല്ലാം ഈ എട്ട് കട്ടകളിലുണ്ടാകും.
അഞ്ച് മെഗാപിക്‌സല്‍ ക്യാമറയുടെ ശേഷി കൂട്ടണമെന്നുണ്ടെങ്കില്‍ ക്യാമറയുടെ കട്ടയെടുത്ത് മാറ്റി അവിടെ എട്ട് മെഗാപിക്‌സല്‍ ക്യാമറയുളള കട്ട പകരം വച്ചാല്‍ മതി. അങ്ങനെ ഫോണിലെ ഓരോ സംവിധാനവും ഉപയോക്താക്കള്‍ക്ക് തന്നെ ഇഷ്ടാനുസരണം മാറ്റിമറിക്കാം.
ഇങ്ങനെയൊരു സ്മാര്‍ട്‌ഫോണ്‍ എന്നെങ്കിലും വിപണിയിലെത്തിയാല്‍ എതിരാളികളുടെയെല്ലാം കട്ടയും പടവും മടങ്ങുമെന്ന കാര്യമുറപ്പ്. അസംബിള്‍ഡ് കമ്പ്യൂട്ടര്‍ പോലെ നമുക്കാവശ്യമുള്ള ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷനുള്ള സ്മാര്‍ട്‌ഫോണ്‍ സ്വന്തമായി നിര്‍മിക്കാനാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സൗകര്യം. ഫോണിന്റെ വില കാര്യമായി കുറയ്ക്കാനാകും എന്നതും നേട്ടമാണ്.
ഈയൊരു സ്വപ്‌നത്തിലേക്ക് പതിയെ നടന്നടുക്കുകയാണ് ഗൂഗിള്‍. എട്ട് കഷ്ണങ്ങളാക്കാവുന്ന 'മോഡുലാര്‍ ഫോണി'ന്റെ പ്രോട്ടോടൈപ്പ് (പരീക്ഷണമാതൃക) ഗൂഗിള്‍ കഴിഞ്ഞയാഴ്ച പുറത്തിറക്കി. ഫോണിന്റെ പരീക്ഷണാര്‍ഥമുള്ള വില്പന ഈ വര്‍ഷം കരീബിയയില്‍ യു.എസ്. പ്രദേശമായ പ്യുര്‍ട്ടോ റിക്കയില്‍ നടത്തുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവിലുള്ള ഗൂഗിള്‍ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മോഡുലാര്‍ ഫോണിന്റെ പരീക്ഷണമാതൃക ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടത്.
ഒരു തകിടിന്റെ മുന്‍വശത്ത് ഡിസ്‌പ്ലേ സ്‌ക്രീനും ഫോണ്‍ കോളുകള്‍ക്കായുള്ള റിസീവര്‍ മോഡും ഉറപ്പിച്ചിരിക്കുന്നു. റിസീവര്‍ മോഡിന്റെ ഉള്ളില്‍ ലൈറ്റ്, പ്രോക്‌സിമിറ്റി സെന്‍സറുകളുമുണ്ട്. പിന്‍വശത്ത് ക്യാമറ, യു.എസ്.ബി. ചാര്‍ജര്‍, വൈഫൈ, ബ്ലൂടൂത്ത് റേഡിയോ, പ്രൊസസര്‍ എന്നിവയുള്‍ക്കൊള്ളുന്ന മൊഡ്യൂളുകളാണ്. കാന്തം കൊണ്ടാണ് ഈ മൊഡ്യൂളുകളെ തകിട് ഫ്രെയിമിനു മുകളില്‍ ഉറപ്പിച്ചുനിര്‍ത്തുന്നത്.
പ്രോജക്ട് ആര' ( Project Ara ) എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണ്‍ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഗൂഗിളിന്റെ അഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് പ്രോജ്കട്‌സ് (എ.ടി.എ.പി.) വിഭാഗമാണ്. ആര ക്‌നാനിയന്‍ എന്ന ചീഫ് മെക്കാനിക്കല്‍ എഞ്ചിനിയറാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. അതുകൊണ്ടാണ് ഇതിന് പ്രോജക്ട് ആര എന്ന പേര് വന്നതും. സ്‌പൈറല്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുക്കാന്‍ എറെ നാളുകളായി എ.ടി.എ.പി. വിഭാഗം പരിശ്രമിച്ചുവരികയായിരുന്നു. നേരത്തെ സ്‌പൈറല്‍ 1 എന്ന പ്രോട്ടോടൈപ്പ് പുറത്തിറക്കിയിരുന്നെങ്കില്‍ അത് പരീക്ഷണത്തില്‍ പരാജയപ്പെട്ടു. ഇപ്പോഴിറക്കിയത് സ്‌പൈറല്‍ 2 എന്ന അപ്‌ഡേറ്റഡ് വെര്‍ഷനാണ്. ജൂണ്‍ ആകുന്നതോടെ സ്‌പൈറല്‍ 3 എന്ന ഏറ്റവും പുതിയ വെര്‍ഷന്‍ പുറത്തിറങ്ങും.
മൊഡ്യൂളുകള്‍ തമ്മില്‍ വയര്‍ലെസ് ഡാറ്റ കൈമാറ്റം സാധ്യമാകും എന്നതാണ് സ്‌പൈറല്‍ 3 യുടെ ആകര്‍ഷണം. ഇപ്പോഴിറങ്ങിയ വെര്‍ഷനില്‍ സ്പ്രിങ്പിന്‍ കണക്ടറുകളുപയോഗിച്ചാണ് ഡാറ്റ കൈമാറ്റം സാധ്യമാകുന്നത്. യുര്‍ട്ടോ റിക്കയിലെ രണ്ട് മൊബൈല്‍ നെറ്റ്‌വര്‍ക്ക് കമ്പനികളുമായി സഹകരിച്ചാണ് സ്‌പൈറല്‍ മോഡുലാര്‍ ഫോണുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയിലെത്തിക്കാന്‍ ഗൂഗിള്‍ ആലോചിക്കുന്നത്. വ്യത്യസ്തമായ ശേഷിയുള്ള മൊഡ്യൂളുകള്‍ ഓണ്‍ലൈനില്‍ വില്പനയ്ക്ക് വയ്ക്കുന്ന 'ആര മാര്‍ക്കറ്റ്‌പ്ലേസും' ഗൂഗിള്‍ ഉടന്‍ തുറക്കും. ഇലക്‌ട്രോണിക്‌സ് കമ്പനിയായ തോഷിബയും ചിപ്പ് നിര്‍മാതാക്കളായ മാര്‍വലും എന്‍വിഡ്യയുമെല്ലാം മോഡുലാര്‍ ഫോണിന് ആവശ്യമായ മൊഡ്യൂളുകള്‍ നിര്‍മിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്.
സ്‌പൈറല്‍ ഫോണിന്റെ മുമ്പിറങ്ങിയ പ്രോട്ടോടൈപ്പിന് 50 ഡോളറായിരുന്നു (3084 രൂപ) വില നിശ്ചയിച്ചിരുന്നത്. ഇപ്പോഴിറങ്ങിയ സ്‌പൈറല്‍ 2ന് എന്ത് വിലവരുമെന്ന കാര്യം ഗൂഗിള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല (ചിത്രങ്ങള്‍ കടപ്പാട്: ദി വെര്‍ജ്)
No comments:
Post a Comment